Monday, 29 May 2017

കറക്ഷൻ ഫ്ലൂയിഡ്-റോഷിൻ എ റഹ്മാൻ














റോഷിൻ എ റഹ്മാൻ





കറക്ഷൻ ഫ്ലൂയിഡ്
ഭൂതകാലത്തിന്റെ 
കടലാസു കെട്ടുകൾ
പൊടിതട്ടിയെടുക്കണം...

ഇഷ്ടമില്ലാത്ത താളുകൾ
ചുരുട്ടി
മറവിയുടെ
ചവറ്റുകൊട്ടയിലെറിയണം...
വർത്തമാനത്തിന്റെ
കണ്ണട വച്ചു നോക്കി
ഭൂതകാല ജാള്യതകൾക്കുമേൽ
അഭിമാനത്തിന്റെ
കറക്ഷൻ ഫ്ലൂയിഡ്
പുരട്ടണം...

മായ്ച്ചതെന്നു
മനസ്സിലാവാത്തവണ്ണം
പിഞ്ഞിയ ട്രൗസറിനെ
പുതുപുത്തൻ
പാന്റ്സാക്കണം...

തുരുമ്പിച്ച സൈക്കിൾ
മായ്ച്ച്
ബൈക്ക്, പുതിയതൊരെണ്ണം,
വരച്ചു ചേർക്കണം...

കല്ലു കാച്ചിയ
കാൽപാദങ്ങളിൽ
തിളക്കമുള്ള
ഷൂസിടീക്കണം...

ഓട്ട വീണ
യൂണിഫോം ഷർട്ടിനുമേൽ
ഓവർക്കോട്ടും ടൈയും
പ്രതിഷ്ഠിക്കണം...

പട്ടിണിയിൽ
പുറത്തു വന്ന
ഏമ്പക്കത്തിന്
ബർഗറിന്റെ
ഗന്ധം പൂശണം...

ഇന്നിനെ
ഇന്നലെയുടെ 
തുടർച്ചയാക്കി മാറ്റി
ഞാൻ
ഞാൻതന്നെയായിരുന്നെന്ന്
വരുത്തിത്തീർക്കണം...

ഒടുവിലൊന്നു
തിരിഞ്ഞു നോക്കുമ്പോൾ
തിരുത്തലുകളെ
നിഷ്പ്രഭമാക്കി
ഓർമ്മക്കടലാസ്സിൽ
ചില 'താന്തോന്നി' വരികൾ
തലപൊക്കി നോക്കും,
തീർച്ച...

©റോഷിൻ എ റഹ്മാൻ

No comments:

Post a Comment