Sunday, 21 May 2017

മരിച്ചവരെ കുറിച്ചെഴുതുമ്പോൾ- റഫീക്ക് ആറളം














റഫീക്ക് ആറളം





മരിച്ചവരെ കുറിച്ചെഴുതുമ്പോൾ
മരിച്ചവരെ
കുറിച്ചെഴുതുമ്പോൾ
അധികം പടർപ്പില്ലാത്ത
ഒറ്റ മഷിയാണുത്തമം

അശുദ്ധിയുണങ്ങാത്ത
ഒറ്റപ്പുടവയിൽ
മുറിഞ്ഞ് പോയ വാക്കിന്റെ
മൗനം പൊതിഞ്ഞ
നീളക്കുപ്പായത്തിൽ
താളം തെറ്റിയ
ജീവിതപ്പാട്ടിന്റെ ഒരേട്
അടക്കി വെച്ചിട്ടുണ്ടതറിയണം.!

എന്നിട്ട്
കുന്തിരിക്കം പുകച്ച 
വാസനകൾ
പടിയിറങ്ങിപ്പോകുന്നതിൻ മുന്നെ
സംബ്രാണിത്തിരി സുഗന്ധം
പോലൊന്ന് ഓർത്ത് വെക്കാൻ
നാസിക തുറന്നൊന്നാഞ്ഞു
വലിക്കണം..!

ഒടുവിൽ
അടുപ്പത്തിട്ടതിനെ
വിളമ്പി വെച്ചതിനെ
ആറ്റിത്തണുപ്പിച്ചതിനെ
ഒന്നു രുചിക്കുവാൻ
തരമൊത്തില്ലെന്നെഴുതി 
ചേർക്കണം .!

വെറുതെ 
വാക്കിന്റെ കനൽക്കൂട്ടിൽ
ഭാവനയുടെ നിനവുണങ്ങാതെ
എഴുതിച്ചേർക്കണം
മരിച്ചവരെക്കുറിച്ച്.!
ജീവിതം അവരവരുടേതാണെന്ന്.!

അസ്വാദിക്കുമ്പോൾ
ആരുമാരും കുറിച്ചിടാത്ത
ശ്രുതി ചേർക്കാൻ വൈകിപ്പോയ
ഭാവ രാഗസ്വരലയ സാന്ദ്രമായ
സ്വര വീചികളിലെ ഈരടികളെന്ന്.!!

റഫീക്ക് ആറളം

No comments:

Post a Comment