കുരുവിള
ജോൺ
ക്ലർക്ക്, എസ്.
എം.
എസ്.
ജെ.
ഹൈസ്കൂൾ,
തൈക്കാട്ടുശ്ശേരി.
പി.
ഓ.
ചേർത്തല,
ആലപ്പുഴ
ജില്ല.
പുസ്തക
പരിചയം-മാജി
മാജി -നോവൽ
ഹാരിസ് നെന്മനി
പ്രസാധകർ : പൂർണ്ണ , കോഴിക്കോട്
വില : 210/-
(പൂർണ്ണ - ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കൃതി)
എഴുത്തുകാരൻ :
ഹാരിസ് നെന്മേനി - വയനാട് ജില്ലയിലെ നെന്മേനിയിൽ ജനനം. ചരിത്രത്തിൽ ബിരുദവും, സോഷ്യോളജി, ഗ്രാമവികസനം എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടി.
റവന്യൂ വകുപ്പിൽ ജോലിചെയ്യുന്നു.
ആകാശവാണിയിൽ സ്പോർട്സ് കമന്റേറ്ററായും പ്രവർത്തിക്കുന്നു.
പുരസ്കാരങ്ങൾ:
കുഞ്ഞുണ്ണി മാഷ് സാഹിത്യ അവാർഡ്, കലാകൗമുദിയുടെ കഥ - പുരസ്കാരം, ശക്തി കഥാ പുരസ്കാരം, പുഴ ഡോട്കോം കഥാ പുരസ്കാരം, പഴശ്ശി കഥാ പുരസ്കാരം, സമഷ്ടി സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചു.
ഫോട്ടോ ഷോപ്പ്, ഹെർബേറിയം എന്നീ ചെറു സിനിമകൾക്ക് കഥയെഴുതി.
ഫോട്ടോ ഷോപ്പും നന്നങ്ങാടിയും, ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങൾ, പൊൻകുഴിക്കാട്ടിലെ വിശേഷങ്ങൾ എന്നിവ കൃതികൾ.
നോവലിലേക്ക് :
*മാജി* - വെള്ളം എന്നർത്ഥം വരുന്ന ഒരു ദേശത്ത് എത്തിപ്പെടുന്ന തായ് വ എന്ന ചെറുപ്പക്കാരൻ. കലാപത്തിന് സാക്ഷിയാവുകയും, അവിടെ നിന്നും പ്രാണരക്ഷാർത്ഥം ഓടുന്നതിനിടയിൽ മുറിവേറ്റ് ചെന്നെത്തുന്നത് ഒറ്റപ്പെട്ട ഒരു വീട്ടിൽ. ഏകാകിയായ, ബാബ എന്ന് എല്ലാവരും വിളിക്കുന്ന മനുഷ്യന്റെ സംരക്ഷണയിൽ തായ് വ ആരോഗ്യം വീണ്ടെടുക്കുന്നു.
ഭൂ- ഖനന മാഫിയകളുടെ ചൂഷണത്താൽ അലകും പിടിയും നഷ്ടപ്പെട്ട മാജിയിലെ നീരുറവകളിൽ ധാതു ലവണങ്ങൾ കലർന്ന് ചുവന്ന നിറത്തിലാണ് ജലം ലഭിക്കുന്നത്. അപൂർവ്വം ചൂഷണ വിധേയമല്ലാത്ത , ഹരിതാഭമായ തുരുത്തുകളിൽ മാത്രം ശുദ്ധ ജലം ലഭിക്കും. ഈ ശുദ്ധജലത്തിനുവേണ്ടിയാണ് മാജിയിൽ കലാപങ്ങൾ നടക്കുന്നത്.
ജീവിതം അലയാനും, ആത്മജ്ഞാനം നേടാനും നീക്കിവച്ച ബാബ, ഇപ്പോൾ ചുവന്ന, ധാതു- ലവണ മിശ്രിത ജലം ശുദ്ധീകരിക്കുന്നതിനുള്ള ഒരു ശുദ്ധീകരണിയുടെ പണിപ്പുരയിലാണ്. തായ് വയും അദ്ദേഹത്തോടൊപ്പം കൂടുന്നു. അവരുടെ ശ്രമം ഫലം കാണുന്നു. തിളയ്ക്കുന്ന സൂര്യപ്രകാശത്താൽ നീരാവിയാകുന്ന ശുദ്ധ ജലം ശേഖരിക്കുന്ന ശുദ്ധീകരണി അവർ നിർമ്മിക്കുന്നു.
തങ്ങളുടെ കണ്ടപിടുത്തത്തിന് അംഗീകാരം നേടുന്നതിനായ് തായ് വ ഭരണ സിരാകേന്ദ്രത്തിലേക്ക് പുറപ്പെടുന്നു. ചുവപ്പു നാടയുടെയും, സ്വതവേയുള്ള ഭരണകൂട അലസതയുടെയും ഫലമായി കാര്യമായ വിവരങ്ങൾ ലഭിക്കുന്നില്ല.
എന്നാൽ ഈ നേട്ടത്തിന്റെ ഗുണഫലം മണത്തറിഞ്ഞ കുത്തകകൾ തായ് വ യെ പ്രലോഭിപ്പിക്കുന്നു.
അടുത്ത ശാസ്ത്ര പ്രദർശനത്തിൽ പ്രദർശനാനുമതി നേടി തായ് വ തിരിച്ചെത്തുന്നു.
തന്നെപ്പോലെ കലാപത്തിനിരയായി മുറിവേറ്റ ഒരു യുവതിയെ തായ് വ ബാബയുടെ അടുത്ത് കാണുന്നു. ക്രമേണ സുഖപ്പെട്ട അവൾ ഇവരുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നു.
തായ് വയുടെ മനസ്സിൽ പ്രണയം മൊട്ടിടുന്നു.
എന്നാൽ ഒരു ദിവസം യുവതി അപ്രത്യക്ഷമാകുന്നു.
ശാസ്ത്ര പ്രദർശനത്തിന് തങ്ങളുടെ ശുദ്ധീകരണിയുമായി എത്തിയ ബാബയും തായ് വയും അമ്പരക്കുന്നു. തങ്ങളുടെ അദ്ധ്വാനഫലം തട്ടിയെടുത്ത് നവീന മാതൃകയിൽ ഒരു ശുദ്ധീകരണിയുമായി കുത്തക കമ്പനിയുടെ പ്രതിനിധിയായി ആ യുവതി നില്ക്കുന്നു.
തിരിച്ചെത്തിയ ബാബയും തായ് വയും തങ്ങളുടെ സ്വത്തും സമ്പാദ്യവും മുഴുവൻ ശേഖരിച്ച്, നാടുനീളെ സൗജന്യമായി ജല ശുദ്ധീകരണികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നു.
എന്നാൽ ഭരണകൂട ഭീകരതയും, കുത്തക ജല മുതലാളിമാരും ഇവരെ തടസ്സപ്പെടുത്തുന്നു.
ജല ശുദ്ധീകരണി തട്ടിയെടുത്ത് തങ്ങളെ നിഷ്ക്രിയരാക്കാമെന്നു കരുതിയ മാഫിയയെ മറ്റൊരു നൂതന മാർഗ്ഗത്തിലൂടെ ഇവർ പ്രതിരോധിക്കുന്നു.
ചൂഷണത്തിലൂടെ ഒഴുക്കു നിലച്ച, ഭൂഗർഭത്തിലേക്കാണ്ട നദികളെ തിരിച്ചു പിടിക്കാൻ ഇവർ ശ്രമിക്കുന്നു....
ആ തിരുമാനത്തിൽ തായ് വയും ബാബയും എത്തുന്നതോടെ നോവൽ അവസാനിക്കുന്നു.
കാഴ്ചപ്പാട്
ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ശുദ്ധ ജലത്തിനു വേണ്ടിയായിരിക്കും എന്ന പ്രവചനത്തെ സാധൂകരിക്കുന്ന നോവൽ.
സാഹിത്യകാരന്മാർ പലപ്പോഴും പ്രവാചകരാകാറുണ്ട്.അത്തരം ഒരു പ്രവചനമാണ് ശ്രീ. ഹാരിസ് നെന്മേനി *മാജി* എന്ന നോവലിലുടെ നടത്തുന്നത്.
മാജി എന്ന സങ്കല്പ ദേശവും തട്ടകവും ഒരു സങ്കല്പ ഭാഷ വരെ ഹാരിസ് ഇതിൽ ഒരുക്കി വയ്ക്കുന്നു.
ആഗോള വത്ക്കരണ നയങ്ങൾ നടപ്പിലാക്കിത്തുടങ്ങിയ 1990 കൾ മുതലാണ് പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം ലഭിച്ചു തുടങ്ങിയത്. ചെറിയ മുതൽ മുടക്കിൽ വൻ ലാഭം കൊയ്യുന്ന ഈ മേഖലയിൽ കുത്തകകൾ വൻ മുതൽ മുടക്കുന്നു. എന്തിന് പുഴകൾ പോലും വിലക്കു വാങ്ങുന്ന ഘട്ടം വരെ എത്തി നില്ക്കുന്നു. (ശ്രീ നാരായന്റെ ഒരു നോവലിൽ പുഴ വിലയ്ക്കു വാങ്ങിയ കുത്തകക്കെതിരേ നടത്തുന്ന പ്രതിരോധം ചിത്രീകരിച്ചിട്ടുണ്ട്.)
മാജിയിലൂടെ കടന്നു പോകുമ്പോൾ, വർത്തമാനകാല നഗ്ന യാഥാർത്ഥ്യങ്ങളുടെ ഭൂമികയിലാണ് നാം എത്തിപ്പെടുക.കാല്പനികതയുടെ മഞ്ഞു മൂടിയ അവസ്ഥയിലല്ല. നട്ടുച്ചവെയിലിന്റെ തീഷ്ണതയാണ് അനുഭവപ്പെടുക.
കെട്ടകാലത്തിന്റെ വികൃതമുഖം ആവർത്തിച്ചു കാണുമ്പോഴും, പ്രത്യാശയുടെ ബാബമാരും, തായ് വമാരും ഇനിയും നഷ്ടപ്പെടാത്ത, അസ്തമിക്കാത്ത നന്മയുടെ പ്രഭാതകിരണമായി നോവലിൽ ജ്വലിച്ചു നില്ക്കുന്നു. ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന രാഷ്ട്രീയമാണ് മാജിയുടെ അന്തർധാര.
തികച്ചും, ചർച്ചചെയ്യപ്പെടേണ്ട സമകാലിക വിഷയം കൈകാര്യം ചെയ്യുന്ന മനോഹരമായ ഒരു നോവലാണ് *മാജി*
കുരുവിള
ജോൺ



വായിക്കേണ്ട പുസ്തകമെന്നു തോന്നുന്നു
ReplyDeleteഹാരിസിനും കുരുവിള ജോണിനും
അഭിനന്ദനങ്ങൾ
പുസ്തകം വായിച്ചിട്ടില്ല ...ഇത് വായിച്ചപ്പോൾ ...ആ പുസ്തകത്തെ അറിയാൻ അതിയായ ആഗ്രഹം....
ReplyDeleteനല്ലേഴ്ത്തിന് ആശംസകൾ