Thursday, 13 April 2017

ചങ്ങല-സംഗീത് കാരക്കോട്














സംഗീത് കാരക്കോട്





ചങ്ങല

കനം തൂങ്ങിയ മൗനത്താൽ
കരൾ വെന്തു നീറുമ്പോൾ...
ചില ചങ്ങലകിലുക്കങ്ങൾ
ഉന്മാദിയാക്കാറുണ്ട്.....
ഭയാനകമായ രാത്രികളിൽ 
കൊലുസുകൾ പോലും
ചങ്ങലകളായി പരകായപ്രവേശം 
ചെയ്യാറുണ്ട്....
ആൾക്കൂട്ടങ്ങളിൽ
അഭയം പ്രാപിക്കാൻ ശ്രമിക്കുമ്പോൾ
ചിലരുടെ കാൽ ചങ്ങലകൾ
ജാതിമത ചിന്തകൾ പുലമ്പാറുണ്ട്......
ദൈവങ്ങളെ അവർ
ബന്ധിതരാക്കിയിരിക്കുന്നു.
അവരുടെ കാൽ ചങ്ങലകൾ
ഉരഞ്ഞ് പൊട്ടിയ വ്രണങ്ങളിൽ നിന്നും
വമിക്കുന്ന മലിനഗന്ധം
അന്തരീക്ഷത്തിൽ ലയിച്ചിട്ടുണ്ട്,
തിരിച്ചറിയാനാവാത്ത വിധം....
പ്രണയത്തിന്റെ ചങ്ങല കണ്ണികൾ
വെള്ളി നൂലുപോൽ നേർത്തതാണ്.....
ചില സമയങ്ങളിൽ അവയുടെ
കിലുക്കം പോലും
കാതിൽ തീമഴ പെയ്യിക്കാറുണ്ട്.....
അതെ,
നമ്മൾ ചങ്ങലകളാൽ 
ബന്ധനസ്ഥരാണ്.....
സംഗീത് കാരക്കോട്

1 comment: