Thursday, 13 April 2017

എന്റെ സുവിശേഷങ്ങൾ-ഷാലു ജോമോൻ















ഷാലു ജോമോൻ



എന്റെ സുവിശേഷങ്ങൾ

അദ്ധ്യായം 1
.......................

ഞാൻ വാതിലാകുന്നു.
നിനക്ക് ഓടിപ്പോകുവാൻ വേണ്ടി മാത്രം
തുറന്നിട്ട വാതിൽ!
ഞാൻ വഴിയാകുന്നു.
എന്നിലേക്ക് 
തിരികെ വരാൻ 
നീ മറന്നു പോയ വഴി!

അദ്ധ്യായം 2
.......................

ഇതാ നിന്റെ കാമുകി
രാജവീഥികളിൽ നടക്കുന്നു.
മുൾക്കിരീടമണിയും മുമ്പേ
നിന്റെ കൈ കൊണ്ട്
ഒരു കുരുത്തോല തരിക !

അദ്ധ്യായം 3
.......................

തളളിപറച്ചിലുകളിലും
നിന്നെ ഞാനേറ്റം സ്നേഹിച്ചിരുന്നു...
ഇതാ എന്റെ 
ഇളം ചിറകുകൾ...
പറക്കമുറ്റുവോളം
നീ സൂക്ഷിക്ക..!

അദ്ധ്യായം 4
......................

'പ്രണയത്തിന് ഇഷ്ടമാകുവോളം
അതിനെ ഇളക്കരുത്.
ഉണർത്തുകയുമരുത്.'
നിത്യമായ ഉറക്കത്തിൽ
എനിക്കെത്ര സൗന്ദര്യം ഉണ്ടായിരുന്നുവെന്ന്
നീ അറിയുവോളം തന്നെ...

അദ്ധ്യായം 5
......................

ആദ്യ പ്രണയം
അവസാന പ്രണയം എന്നൊന്നുമില്ല..
ഞാൻ നിന്നെ പ്രണയിച്ചുവെങ്കിൽ
അത് അനശ്വരമായിരിക്കും. എന്തുകൊണ്ടെന്നാൽ
ഞാൻ നിന്നെ പ്രണയിച്ചപ്പോഴൊക്കെ എന്റെ ജീവൻ നീ
ബലികഴിച്ചിരുന്നു!

അദ്ധ്യായം 6
.......................

നിന്റെ പ്രാണൻ
നിന്റെ ഉള്ളിൽ
ക്ഷീണിച്ചു പോകുമ്പോൾ
നീ എന്നെ ഓർക്കും.
ഓരോ മൂന്നാം നാളിലും
ഞാൻ നിനക്ക് വേണ്ടി കല്ലുരുട്ടി മാറ്റും...!
ഷാലു ജോമോൻ


2 comments: