Tuesday, 25 April 2017

നിലാമഴ-സുജിത ധനൂഷ്





















സുജിത ധനൂഷ്
തൃശൂർ മാള സ്വദേശി
വീഡിയോ എഡിറ്റർ




നിലാമഴ
സ്നേഹമുറങ്ങുന്ന താഴ്‌വരയിൽ 
നേർത്ത നിലാവൊഴുകുന്ന 
രാത്രിയുടെ ഏതോ യാമത്തിൽ 
ഇരുളിലൊരീറൻ കാറ്റിന്‍റെ 
താരാട്ടു പാട്ടിന്നീണത്തിനൊപ്പം 
താളം പകർന്നു തന്നും
മനസ്സിനുള്ളിൽ കുളിരു നിറച്ചും 
പറയാതെ വന്ന മഴ 
പെയ്യാൻ തുടങ്ങി...
നിദ്രയിൽ കനവുകൾ വിരിയിച്ച് 
രാത്രിയുടെ അവസാന 
യാമവും യാത്രയായി...
ഏതോ പൂമര ചില്ലയൊന്നിൽ 
ഒരു കിളി ചിറകു കുടഞ്ഞുണർന്നു.
ഈണത്തിൽ പാടിയ 
ഉണർത്തു പാട്ടിൽ 
പ്രഭാതം മെല്ലേ വിടർന്നു വന്നു...
പുലർമഴയുടെ ആർദ്രതയിൽ 
ഞാൻ കണ്‍ ചിമ്മി തുറക്കവേ 
നവ്യാനുഭൂതിയിൽ 
മനസ്സൊരു ശലഭമായ് പറന്നു....
ഇതളിൽ
മഞ്ഞു നീര്‍തുളളിയുമായ് 
വിടരാനൊരുങ്ങുന്ന പൂവുപോലെ 
മനസ്സിലെ 
പ്രണയത്തിനിതള്‍ വിരിഞ്ഞു...
പൂവിന്‍ കാതില്‍ കിന്നാരമോതാൻ 
പൂമണം തേടി പൂത്തുമ്പിയെത്തി 
പിന്നെ സ്വപ്‌നങ്ങളും
കവർന്നെങ്ങോ പറന്നുപോയി....
നിമിഷങ്ങളോരോന്നായ്
 വിരുന്നിനെത്തി 
തിരികെയെത്താതെങ്ങോ 
മാഞ്ഞു പോയി....
മൂവന്തി പൊൻവെയിൽ 
കടലിൽ ചായുവാൻ 
ഇരുളിൻ പന്തലുമായ് 
സന്ധ്യയെത്തി....
ജന്മബന്ധങ്ങൾക്ക്‌ 
വീഥിയൊരുക്കാനായ് 
പ്രതീക്ഷകൾ വിടരുന്ന 
തളിർമര ചില്ലതേടി പിന്നേയും
ഋതുക്കളോരോന്നായ് 
മണ്ണിലേക്കണയവേ
പൂപോലെ വിരിയുന്ന പുലരിയും
പൂവിതൾ പോലെ 
പൊഴിയുന്ന സന്ധ്യയും
സമയരഥത്തില്‍ അനന്തമായിന്നും
യാത്ര തുടരുന്നു...

സുജി

No comments:

Post a Comment