Wednesday, 1 March 2017

പതിനഞ്ച് ഹൈക്കു-ഏവിസന്തോഷ്കുമാർ














Av Santhosh Kumar
Soubhagya
Udinur. P0. 671310
Kasargod. Dt

Ph.. 9496841565
പതിനഞ്ച് ഹൈക്കു



1. വിത

മുളച്ചുപൊന്തിപ്പറക്കുന്നൂ
ഇടിമിന്നലിന്റെ വിത്തുകൾ
മിന്നാമിന്നികളായെങ്ങും!

2.ധ്വനി

ഓട്ടം പിടിച്ചെടുത്ത 
ലോങ്ങ്‌ ഷോട്ട് ഫോട്ടോയിൽ
നിലയ്ക്കാതെ ധ്വനിക്കുന്നുണ്ട്
പിന്നരങ്ങിലെ ആരവം

3. സ്ത്രീ-ധനം
  
ചികയുകയാണുമേലാകെ
ഷട്ടർ സ്പീഡിൽ കൊരുക്കുവാൻ
വധുവിന്‍ സ്വര്‍ണ്ണമേലാപ്പിന്‍
അടിയിലുള്ളോരാഭയെ

4. നിശബ്ദായമാനം

നിശബ്ദതയുടെ പടംപിടിക്കാൻ 
തുനിഞ്ഞൊരാൾ
ശബ്ദമുഖരിത നിശ്ചലചിത്രമായി
തിരികെയെത്തുന്നു.

5.മഴവില്ലൻ

മഴവില്‍ച്ചിത്രം പിടിച്ചൊരാൾ
പനിച്ചുവിറച്ചു കിടക്കുന്നു
വില്ലുപോൽ വളഞ്ഞിട്ട്!

6.ചിത്രംവര

കാറ്റ് തെങ്ങിൽ വരയ്ക്കുന്നു
ചാരു ചിത്രം, കൂരയിൽ കീഴെ
തേങ്ങുവതാരുടെ ജീവിതം ?

7.മുനകൾ

മുഖംതിരിക്കുന്നു  നോട്ടങ്ങൾ
തമ്മിൽ കൊള്ളാതിരിക്കുവാൻ
എങ്കിലും കൊള്ളുന്നുണ്ടവ-
യുള്ളിലോരോന്നും!

8.നിലാമഴ

പാത്രക്കലമ്പലടുക്കള
വാര്‍ത്താക്കലമ്പല്‍  ടി വിയിൽ
പുറത്തുനിലാപെയ്ത്തുനിശ്ചലം!

9.തോരാമഴ

ശവഘോഷയാത്രയ്ക്ക്
കുടയും ചൂടിയെത്തുന്നൂ
ചിണുങ്ങിച്ചിണുങ്ങിയൊരു മഴ!

10.വഴികൾ

കൊത്തിയകത്തിയിൽനിന്നി-
റ്റുന്ന ചോരത്തുള്ളി വരയ്ക്കുന്നൂ
രക്തനക്ഷത്ര പാതകൾ

11. കരിനാഗം

നാഗം നാവുപിളർത്തുംപോൽ
ഇരുതിരി വിളക്കുകൊളുത്തീട്ടി--
രുട്ടിലലിഞ്ഞു, ഒരു പെൺകൊടി

12.ശിഷ്ടജന്മം

ആണിയടിച്ചു തറപ്പിച്ചൂ
പിതാവിൻ ചിത്രംഭിത്തിയിൽ
കുരിശുമലയിറങ്ങുന്നു.
   
13. കാളപ്പോര് 

തപിക്കും ഭൂമിയിലേക്ക് 
മദിച്ചു വീഴുന്നു 
മഴക്കാളക്കുട്ടന്മാർ

14 . പിടച്ചില്‍

നിന്നുള്ളിലേക്ക്  കൂപ്പുകുത്തി
വീഴുമെന്നെ,യെന്നുള്ളില്‍
പിടഞ്ഞുവീണുമുങ്ങി 
വീണ്ടെടുക്കായ്ക പൊന്നേ

15.എരിച്ചില്

നിന്നസാന്നിധ്യത്തെ
നെഞ്ചാംകുന്നിലിടുക്കി
ഒടുക്കശ്വാസം ഒറ്റവലിക്ക്
പിടിച്ചുനിര്ത്തി
ഒറ്റയ്ക്കുള്ളീ കൂട്ടിരിപ്പ് !
മതി,യതുമതിയെന്നും.

No comments:

Post a Comment