ഗംഗാധരൻ പണ്ടാരത്തിൽ
പ്ലിങ്
പ്ലിങ് !ഇവനാണെന്റെ ജീവിതം
ഇങ്ങനെ കട്ടപ്പൊകയാക്കുന്നത്
ഈ നെറ്റിൽ ഇങ്ങനെ കുടുങ്ങുമെന്ന്
സ്വപ്നത്തിൽ പോലും കരുതിയതല്ല
(അതിനു,ഞാൻ സ്വപ്നം കണ്ടിട്ട് വേണ്ടേ ?!
ഉറങ്ങിയാലല്ലേ സ്വപ്നം കാണൂ)
രാവിലെ ,സ്കൂളിലേക്കുള്ള യാത്രയിൽ
എങ്ങോട്ടെന്ന കണ്ടക്ടറുടെ ചോദ്യത്തിന്
കയറിയ സ്ഥലം പറഞ്ഞ്
സഹയാത്രക്കാരുടെ മുന്നിൽ പ്ലിങ് !
രജിസ്റ്ററിൽ ഒപ്പിട്ട് ദൃതിയിൽ നടന്നപ്പോൾ
ഹെഡ്മാസ്റ്റർ തിരിച്ചു വിളിച്ച്
ഗംഗാദേവി ടീച്ചറുടെ കോളത്തിൽ ഒപ്പിട്ടതിന്
കളിയാക്കി...സഹപ്രവർത്തകരുടെ മുന്നിൽ പ്ലിങ് !
ഭാഷാ അധ്യാപകനായതുകൊണ്ട് എന്നെയടക്കം
ക്ലാസ്സാദ്ധ്യാപക തസ്തികയിൽ നിന്ന് നീക്കി
രണ്ടു വർഷം മുമ്പ് പ്ലിങ്ങാക്കിയിരുന്നു!
രണ്ടാം പീരീഡ് പത്ത് സി ക്ക് പകരം
ഡി യിൽ പോയി.
ഗുഡ് മോർണിംഗിന് പകരം കുട്ടികളെഴുന്നേറ്റ്
കൂട്ടത്തോടെ പാടി ! പ്ലിങ് സാർ.....
വൈകിട്ട് നെറ്റ് ഈസി ചെയ്തപ്പോൾ
ഒരക്കം മാറിയതിനാൽ 'ഐഡിയ'ക്കാരൻ പ്ലിങ്ങാക്കി !
വീണ്ടും നെറ്റിൽ കയറി ട്രോളിംഗ്
തുടങ്ങിയപ്പോഴാണ്
മനസൊന്നു ചൂടായത് !
രാത്രി ,വൈഫിനെയും കിഡ്‌സിനെയും ബോധിപ്പിക്കാൻ
ടി.വിയുടെ മുന്നിലിരുന്നപ്പോൾ
ചാനലുകളൊന്നടങ്കം
മാറി മാറി മനുഷ്യനെ പ്ലിങ്ങാക്കി!
പിന്നെയും സാംസംഗതിന്റെ ചതുരക്കള്ളി
കയ്യിൽ പിടുത്തമിട്ട് ട്രോളിംഗ് തുടർന്നു.
അമ്മയുടെ കിടപ്പുമുറിയിൽ നിന്നും
ചുമയോ വലിവോ കേൾക്കുനില്ല
ചെന്നു നോക്കി ....മാറിടം
ഉയർന്നു താഴുന്നുണ്ട്...പ്ലിങ് !
പൊരിച്ച മീൻ കൂടി ഉണ്ണാമെന്ന മോഹത്തോടെ
ഡൈനിങ് ടേബിളിൽ ചെന്നപ്പോൾ
വൈഫ് ഓൺലൈനായി ലെനോവ 700 ലെ ആപ്പിൾ
ഫുഡിങ് ഓർഡർ ചെയ്തപ്പോൾ
ഹോം നേഴ്സ് വിളിച്ച പറഞ്ഞു ,
'സാറെ ,ജനലിലൂടെ പൂച്ച വന്നു മീനൊക്കെ പ്ലിങ് '
പണ്ടാരപ്പൂച്ച ...!നൂറ്റമ്പത് ഉറുപ്പിക പ്ലിങ് !
രണ്ടു വറ്റ് വാരിത്തിന്ന് കൈ കഴുകിത്തുടച്ചപ്പോൾ
സാംസംഗം വീണ്ടും കയ്യിൽ കയറിപ്പറ്റി
വിശ്വകവി കാളിദാസനെപ്പറ്റി ഒന്നന്വേഷിച്ചു കളയാം
നാളത്തെ ക്ലാസ് 'പൊളിക്കാം'
തിരഞ്ഞു ചെന്നപ്പോൾ എല്ലാവരും ഫെയ്‌ക്ക് !
എത്ര ശ്രമിച്ചിട്ടും ഒറിജിനൽ കവിയെ കണ്ടെത്താനായില്ല
ഒടുവിൽ,മനംമടുത്ത് കോളീജ് രാധികക്ക്
വാട്ട്സാപ്പിൽ സ്വീറ് ഡ്രീംസും സ്മൈലിയും സെന്റാക്കി
സൂക്ഷിച്ചു നോക്കിയപ്പോഴാണ് പ്ലിങ്ങായത് .
മെസ്സേജ് കിട്ടിയത് ബെറ്റർ ഹാഫ് രാധയ് ക്ക് !
വൈകിയില്ല ,രാധ ഒറിജിനൽ രാധയായി
പ്രിസ്‌മ രൂപത്തിലുള്ള കൃഷ്ണന്
ഒരായിരം സ്മൈലികളയച്ചു...പ്ലിങ് !
സ്വീറ് ഡ്രീംസ് നേർന്നതിന്റെ സന്തോഷത്തിലാവണം
ബെഡ്ഢിൽ എന്റെ നെഞ്ചിലേക്കവൾ മുഖം ചേർത്തു.
ഞാനെന്റെ പാറ്റേൺ മറ്റാൻ തീരുമാനിച്ച്
പ്ലിങ്ങായിക്കിടന്നു !!!
ഗംഗാധരൻ പണ്ടാരത്തിൽ
(ഒന്നാം സമ്മാനം നേടിക്കൊടുത്ത കവിത )
