Sunday, 12 March 2017

വെള്ളത്തിനെന്താണ് വില ?-വി.ടി ലത്തീഫ് മാസ്റ്റർ










വി.ടി ലത്തീഫ് മാസ്റ്റർ 
എ.എം.എൽപി.എസ്സ്
വളവന്നൂർ നോർത്ത് 


വെള്ളത്തിനെന്താണ് വില ?

വെള്ളത്തിനെന്താണ് വില ?ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പിവെള്ളം നമുക്ക് ലഭിക്കും.എന്നാൽ വെള്ളത്തിന്റെ വില എത്രയാണെന്ന് കണക്കാക്കാൻ നമുക്ക് സാധിക്കുമോ !

പണ്ട് ഒരു രാജാവ് നായാട്ടിനിടയിൽ കാട്ടിനകത്ത്‌ ഒറ്റപെട്ടു . ഏറെ അലഞ്ഞിട്ടും ആരെയും കണ്ടെത്താൻ സാധിച്ചില്ല .ദാഹിച്ചു വലഞ്ഞ രാജാവ് ഒരു തുള്ളി വെള്ളം കിട്ടാതെ തളർന്നു വീണു.അപ്പൊഴാണ് ആ വഴി ഒരു സ്‌ത്രീ  കുടം നിറയെ വെള്ളവുമായി 
വന്നത് .താൻ ഇവിടുത്തെ രാജാവാണെന്നും കുടിക്കാൻ ഒരല്പം വെള്ളം തരണമെന്നും 
ക്ഷീണിച്ച സ്വരത്തിൽ രാജാവ് ആവശ്യപ്പെട്ടു.അത് കേട്ടതും ആ സ്‌ത്രീ തിരിഞ്ഞു നടക്കാൻ തുടങ്ങി .അല്പം വെള്ളത്തിന് പകരമായി രാജ്യത്തിന്റെ പകുതി നൽകാമെന്നു രാജാവ് പറഞ്ഞു.ആ സ്‌ത്രീ കേട്ട ഭാവം പോലും നടിച്ചില്ല .എന്റെ രാജ്യം മുഴുവനും തരാം ,ഒരല്പം വെള്ളം തരൂ രാജാവ് കെഞ്ചി.ആ വാക്കുകൾ അവൾ പരിഗണിച്ചതേയില്ല .
തന്റെ രാജ്യവും എല്ലാ സമ്പാദ്യവും തന്റെ മക്കളെയും തനിക്കുള്ളതെല്ലാം രാജാവ് വാഗ്‌ദാനം ചെയ്തു.ഒടുവിൽ ആ സ്‌ത്രീ ഒരു കവിൾ വെള്ളം രാജാവിന് നൽകി ,എല്ലാം സ്വന്തമാക്കി.രാജാവിനാകട്ടെ തനിക്ക് നഷ്ടപ്പെടുമായിരുന്ന  ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസമായിരുന്നു.

ഇനി നിങ്ങൾ പറയൂ വെള്ളത്തിന്റെ യഥാർത്ഥ വിലയെന്താണ് ?അത് മനസ്സിലാക്കിയാൽ അറിയാതെപോലും ഒരുതുള്ളി വെള്ളവും നാം പാഴാക്കില്ല.പക്ഷെ ,വെള്ളത്തിന്റെ വില മനസിലാക്കാൻ ,നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധിയുടെ അവസാന തുള്ളിയും നിലക്കുവാൻ കാത്തിരിക്കുകയാണ് നാം .

നമ്മുടെ നാട് രൂക്ഷമായ ജലക്ഷാമത്തിലേക്കും കൊടിയ വരൾച്ചയിലേക്കും നീങ്ങികൊണ്ടിരിക്കയാണ്.ഭൂമിയുടെ നിറമാറു  തുരന്നു ആഴങ്ങളിൽ നിന്നും നാം ഊറ്റിയെടുത്തുകൊണ്ടിരിക്കുന്ന കണ്ണീരുറവ പോലും വറ്റിക്കൊണ്ടിരിക്കുന്നു    .വസൂരി 
വന്ന സുന്ദരിയുടെ മുഖം പോലെ കുഴൽകിണറുകളാൽ ഭൂമിയുടെ മുഖവും വികൃതമായിരിക്കുന്നു.

നാം അധിവസിക്കുന്ന ഭൂമിയിൽ മുക്കാൽ പങ്കും ജലം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു .
അതിൽ 97.5 ശതമാനവും ഉപയോഗ യോഗ്യമല്ലാത്ത ഉപ്പുകലർന്ന 
കടൽ വെള്ളമാണ്.ബാക്കി വരുന്ന 2.5 ശതമാനം ശുദ്ധജലത്തിൽ 
1.5 ശതമാനവും നമ്മൾ മലിനമാക്കി കഴിഞ്ഞു .ശേഷിച്ച 1 ശതമാനം മാത്രമാണ് 
ലോകമെമ്പാടുമുള്ള മനുഷ്യർക്കും ജീവജാലങ്ങൾക്കും  ജീവജലമായുള്ളതു.
അതുകൊണ്ടുതന്നെ നാം പാഴാക്കുന്ന ഓരോ തുള്ളിയും മറ്റ്‌  മനുഷ്യരുടെയോ  ജീവജാലങ്ങടെയോ ജീവവനാശത്തിനു കാരണമാകുമെന്ന് നാം തിരിച്ചറിയുക .
ഇനി ഓരോ തുള്ളി പാഴാക്കുമ്പോഴും ജീവജലം ലഭിക്കാതെ പിടഞ്ഞു മരിച്ച 
പിഞ്ചു പൈതങ്ങളുടെ മെലിഞൊടിഞ്ഞ രൂപം നാം മനസ്സിലോർക്കുക .

നാമൊക്കെ എത്ര അനുഗ്രഹീതർ.ഒരു തുള്ളി വെള്ളം കുടിക്കാനില്ലാതെ പശു മൂത്രമൊഴിക്കുന്നതും നോക്കി ഒരു പാത്രവും പിടിച്ചു പിന്നാലെ നടക്കുന്ന ആഫ്രിക്കൻ ബാലന്റെ ഗതി നമ്മുടെ മക്കൾക്ക് വന്നിട്ടില്ല.യുദ്ധക്കെടുതിയിൽ ഭക്ഷണവും വെള്ളവും 
ലഭിക്കാതെ ദിവസങ്ങളോളം പച്ചിലനീർ പിഴിഞ്ഞ് കുടിച്ചു ജീവൻ നിലനിർത്തിയ  സിറിയൻ അഭയാർത്ഥി ബാലന്റെ ദുരവസ്ഥ നമ്മുടെ മക്കൾക്കുണ്ടായിട്ടില്ല.പക്ഷെ ,
സൂക്ഷിക്കുക .സമീപഭാവിയിൽ നമ്മളിൽ ചിലരെങ്കിലും അതിനു സമാനമായ അവസ്ഥയിൽ എത്തിയേക്കാമെന്ന സൂചനയാണ് ഈ വർഷത്തെ വരൾച്ച നമുക്ക് നൽകുന്ന പാഠം.

അതുകൊണ്ട് മനുഷ്യാ ...അഹങ്കാരം വെടിഞ്ഞു നീ വിനയാന്വിതനാവുക.    ഈ വേനൽക്കാലം ജൂൺ മാസത്തേക്ക്‌ കൂടി ദീർഘിച്ചാൽ തീരാവുന്നതേയുള്ളൂ നിന്റെ
പൊങ്ങച്ചം.നാം ഉപയോഗിക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഭൂമിയിൽ ഒട്ടനേകം 
അവകാശികൾ ഉണ്ടെന്ന ബോധത്തോടെ ചിലവഴിക്കുക        . വെള്ളത്തിന്റെ വില നാം മനസിലാക്കുക.അല്ലാത്ത പക്ഷം "വെള്ളം കിട്ടാതെ ഞരമ്പ് വലിഞ്ഞു മുറുകി 
ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നവരുടെ കൂട്ടത്തിൽ  
നമ്മുടെ നാട്ടിൽ നിന്നും ചിലരുടെ പേരെങ്കിലും എഴുതിചേർക്കേണ്ടിവരും"

"നാമോരോരുത്തരും കരുതി വയ്ക്കുക ,ഈ സമൃദ്ധി  നമുക്കും      ,വരും തലമുറക്കും വേണ്ടി"



വി.ടി ലത്തീഫ് മാസ്റ്റർ 

Saturday, 11 March 2017

"എന്റെ വായന"-ഗിരീഷ് വള്ളിയാട്









ഗിരീഷ് വള്ളിയാട്       
 "എന്റെ വായന" 

പാറ്റേൺലോക്ക് -രതീഷ് .കെ.എസ്സ് 
പ്രസാധകൻ:യെസ് പ്രസ്  ബുക്ക്സ് ,പേജ് 94 
വില :100 രൂപ 


സമകാലീന ജീവിതതിന്റെ വിചിത്ര സഞ്ചാരപഥങ്ങളിലെ സങ്കീർണതകളെ "പാറ്റേൺലോക്കിട്ടൂ"പൂട്ടുകയാണ്  രതീഷ് .കെ.എസ്സ്  എന്ന യുവകഥാകാരൻ. അദ്ദേഹത്തിന്റെ പാറ്റേൺലോക്ക്  എന്നെങ്കിലും നിങ്ങൾ തുറക്കുകയാണെങ്കിൽ ,കാണുന്ന വിസ്തൃതമായ ഡിസ്‌പ്ലേയിൽ തെളിഞ്ഞു വരുന്നത് ,പരിഷ്‌കൃതരെന്നു സ്വയം അഭിമാനിക്കുന്ന നമ്മുടെ തന്നെ അഴിഞ്ഞു വീഴുന്ന മുഖ പടങ്ങളായിരിക്കും...നമ്മുടെ ചുറ്റുപാടുമുള്ള പരിച്ഛേദം ഓരോ വരിയിലും നമ്മെ വിചാരണ ചെയ്യും.

ആഴമേറിയ തീവ്രജീവിതാനുഭവങ്ങളെ നനുത്ത ലാഘവത്തോടെ കൂലംകുത്തി ഒഴുക്കുകയാണ് കഥാകാരൻ.ഉള്ളിലെ അസ്വസ്ഥതകൾക്ക്  ശമനം കിട്ടാൻ എഴുതിയേ തീരൂ.ജീവിതം കഥയുടെ വിഭവ കാലവറയാണല്ലോ!രതീഷിന്റെ എഴുത്ത് നന്നായി എന്ന് ഞാൻ പറഞ്ഞാൽ അതിനർത്ഥം ,ജീവിത യാഥാർഥ്യങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുന്നതിൽ  രതീഷ്  വിജയിച്ചു എന്നാണ്  നിങ്ങൾ അർത്ഥമാക്കേണ്ടത് -സദാചാരത്തെയും സാമൂഹിക പദവികളെയും അവഗണിച്ചു പച്ച മനുഷ്യനെ പുറത്തു കൊണ്ടുവരാൻ കഥാകൃത്തും കാണിക്കുന്ന ധീരത അഭിനന്ദനീയം തന്നേ.ഇനിയും ആ ധീരത തിരിച്ചറിയാതെ ,വർണ്ണ -നാദ-രസ 
ഗ്രന്ഥികളുടെ ഇന്ദ്രിയ സംവേദനങ്ങളാൽ വരേണ്യ പദങ്ങളുടെ അകമ്പടി ചലിച്ചു അതിവിദഗ്ദ്ധമായി സമഗ്രാപഗ്രഥനം നടത്തി ,രതീഷിന്റെ കഥാലോകം ഉന്നിദ്രവും  ഭാസുരവുമാണെന്ന പതിവ് പല്ലവി പറഞ്ഞാൽ അത് വായനക്കാർക്കും പരിഹരിക്കപെടാത്ത വ്യഥകൾ മൗനത്തിൽ കൊണ്ടുനടക്കുന്ന കഥാകാരനും ,സമൂഹത്തിനും മുൻപിൽ എന്റെ ആത്മനിഷ്ഠ പ്രകാശിതമാവില്ല -തീർച്ച.

അക്ഷരങ്ങളിലേക്കാവാഹിച്ച 23 കഥകളുടെ സമാഹാരമാണ് പാറ്റേൺലോക്ക്.മറ്റുള്ളവർ നിസ്സാരമായി വിടുന്ന ,കണ്ടില്ല എന്ന് നടിക്കുന്ന പല സംഭവങ്ങളും രതീഷിന്റെ കഥയിടങ്ങളിൽ നൂറുമേനി കൊയ്ത്തു.
'മുള്ളലിന്റെ മണം 'ഒന്നാമത്തെ കഥയാണ് ,ഒന്നാം തരവും.നിരാലംബരും പാർശ്വവത്കരിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങളുടെ അതിജീവനത്തിന്റെയ്യും ചൂഷണത്തിന്റെയ്യും പിന്നമ്പുങ്ങളിലെ ദുർഗന്ധം കഥ മണമായി മാറുകയായിരുന്നു.ബസ്സ് സ്റ്റാന്റിലെ മൂത്രപ്പുരയിൽ മരിച്ചുകിടക്കുന്ന 'അമ്മ -അമ്മക്കൊപ്പം കിടന്ന മൂന്നുവയസ്സുകാരൻ ,എപ്പോഴോ അനാഥാലയത്തിന്റെ ചുമരുകൾക്കിടയിൽ എത്തപ്പെടുന്നു.ഇന്ദ്രിയങ്ങളുറക്കാത്ത പ്രായത്തിൽ ഓർമകളിൽ അവനു അച്ഛനും അമ്മയുമെല്ലാം മൂത്രം പോലെ ചില ഗന്ധമായിരുന്നു.ചിന്താശേഷിയില്ലാത്തവണ്ണം നിസ്സംഗത പരിശീലിക്കാൻ സാഹചര്യം ഒരുക്കുമ്പോൾ അനാഥത്വത്തിന്റെ മുകളിലെ ,ലൈംഗിക അതിക്രമങ്ങളും ,വേട്ടയാടലുകളും ,അവനെ സ്വത്വം തിരിച്ചറിയാൻ  വയ്യാത്ത വിധം നിരാശനാക്കുന്നു. 'മുള്ളലിന്റെ മണം' മുകുന്ദന്റെ ചില കഥാസന്ദർഭങ്ങൾ പോലെ തീവ്രമാണ് .

"അരുവാക്കോട്ടെ കുംഭങ്ങൾ"- ജീവിക്കാൻ വേണ്ടി ശരീരം വിൽക്കേണ്ടിവരുന്ന പാവം പെണ്ണുങ്ങളുടെ ആർദ്ര മനസ്സ് കൊത്തിവലിയ്ക്കുന്ന കഥയാണ്.ഗ്രാമത്തിലെ പെണ്ണുങ്ങളുടെ ചന്തിക്കൊത്ത കുടങ്ങളും ,അരക്കെട്ടുപോലുള്ള കൂജകളും ,കൈപോലെ കയ്യിലുകളും -'വീണതൻ കുടം പോലാ നിതംബം വീണുരുമ്മും..."വൈലോപ്പിള്ളിയുടെ വരികലോർമ്മപ്പെടുത്തുന്നു-മണ്ണും പെണ്ണും
കുഴഞ്ഞനാടിന്റെ ഉല്പത്തിയും അവിടെ മദജലമൊഴുക്കാനെത്തുന്ന അന്യ നാട്ടുകാരുടെ ചവിട്ടി കുഴക്കലുകൾ...ശതകാലം പഴക്കമുള്ള
'മൺകുടം' പോലെയുള്ള കഥതന്നെയാണ്...അരക്കെട്ടുറപ്പുള്ള പെണ്ണിനെ കാണാൻ മഴപോലെ കൃഷ്ണൻ വന്നു പോയി .
നൂറ്റൊന്നു കുടത്തിനു മണ്ണ് കുഴക്കുന്ന കണ്ണീരിൽ അമ്മ കഥ പറഞ്ഞു നിർത്തിയപ്പോൾ വായനക്കാരനും മീൻകറിച്ചട്ടിയിൽ
പൊന്തിക്കിടന്നു.ജീവന്റെ തുടർച്ച ഉറപ്പുവരുത്താൻ ലൈംഗികതയിൽ സുഖം ഒളിപ്പിച്ചുവച്ചതിന്റെ രസതന്ത്രമറിയാത്ത അഭിനവ സദാചാര വാദികൾക്കുള്ള താക്കീതും ,സ്ത്രീയെ അമ്മയായും പെങ്ങളായും കൂട്ടുകാരിയേയും ചേർത്തുപിടിക്കുന്ന കളങ്കമില്ലാത്ത സ്നേഹത്തിന്റെ നിറകുടം കൂടിയാണ് "അരുവാക്കോട്ടെ കുംഭങ്ങൾ"എന്ന കഥ...

"ബംഗാളി തീവണ്ടി"-യാകട്ടെ ബംഗാളിലെ നവോഥാനത്തിന്റെ അലയൊലികളിൽ ആവേശം കൊണ്ട് വംഗനാട്ടിലേക്ക് കള്ളവണ്ടി കയറിയ മലയാളി മനസ്സിനേറ്റ അസ്വസ്ഥത അങ്കിടുന്നു.ജിഷയുടെ കൊലപാതകം പോലെയുള്ള ആനുകാലിക സംഭവങ്ങൾ ,അന്യസംസ്ഥാന തൊഴിലാളികളോടുള്ള മലയാളത്തിന്റെ സമീപനത്തിനേല്പിച്ച ആഘാതം സൂഷ്മമായി നിരീക്ഷിക്കുകയാണീ കഥയിൽ.ബംഗാൾ ഒഴുക്കിവിട്ട നവോഥാനത്തിന്റെ അലയൊലികൾ ബംഗാളികളെ കാണുമ്പോൾ നമ്മെ സംശയാലുക്കളാക്കുന്നു."രഘുപതിയമ്മാൾ" സർക്കാർ ആശുപത്രിയിലെ അവഗണയും ,നിരാലംബതയും കാട്ടിത്തരുന്നു."പെൺകൊതിയനിലെ"ദിൽജിത ടീച്ചർ -സദാചാരക്കാർ വേട്ടയാടപ്പെട്ട   സ്‌ത്രീകളുടെ പ്രതിനിധിയാണ് .
"ദീപാവലി"എന്ന കഥ തുടങ്ങുന്നത് തന്നെ -"കരഞ്ഞു പോകാതിരിക്കാനാണ് ഞാൻ കഥ പറയുന്നത് "-എന്ന വാക്കോടെയാണ് .
രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ട നാടോടി സ്ത്രീയുടെ ജീവിത മണം എത്ര സാമൂഹ്യ  സംബന്ധിയാണ്.

"ബയോ ടോയ്‍ലെറ്റുകൾ"പൊതു ഇടങ്ങളിൽ മലയാളിയുടെ പെരുമാറ്റ വൈകൃതം പകർത്തുന്നു."ബലിദാനി"മൂരിക്കുട്ടന്റെ ദൈന്യത മാത്രമല്ല ,മലയാളിയുടെ ചർച്ച മേശയിലെ വിഭവം കൂടിയാണ്.രഘുപതിയമ്മാളിന്റെ വയറിളക്കത്തിന്റെ മണവും ,ബംഗാളിയുടെ ഇളയ പെണ്ണ് തൂറിയിട്ട മണവും രാധയുടെ വായ് നാറ്റത്തിന്റെ  മണവും ,തീവണ്ടി ബോഗിയിലെ കുത്തിനിറച്ച മണവുമൊക്കെ ,വൃത്താലംങ്കാര  പ്രയോഗങ്ങളുടെ സുഗന്ധ വരേണ്യ ഭാഷ തളിച്ചാൽ പോവില്ല.വഴിമാറിനടക്കാതെ വിരിമാരുകെട്ടി സ്വീകരിക്കുന്ന കഥാകാരനാണദ്ദേഹം.

ജീവിതത്തെ മൂടുപടമില്ലാതെ നഗ്നമായി കാണാൻ ശ്രമിക്കയാണ് .കുട്ടികാലത്തെ കാണാൻ ശ്രമിക്കയാണ്.കുട്ടികാലത്തെ സങ്കട പെയ്തുകളുടെ മുകളിലൂടെ അക്ഷരഘോഷയാത്ര നടത്തുകയാണദ്ദേഹം.ഒരു തുടക്കകാരന്റെ കാലടിക്കു ചൂട് പകരുന്ന അനുഭൂതി മാത്രമായി  ചുരുക്കാൻ കഴിയില്ല രതീഷിന്റെ കഥ പറച്ചിൽ ...തെളിഞ്ഞ ഭാഷയിൽ പങ്കുവയ്ക്കാൻ ഇത്രയേ ഉള്ളു.

സ്വയം മാറാനും പുതിയ ലോകക്രമം വരവേൽക്കാനും പാറ്റേൺലോക്ക് തുറന്നെ പറ്റൂ.പദസംയോഗങ്ങളുടെ പാറ്റേർണുകൾ  സൃഷ്ഠിച്ചുള്ള വിനിമയത്തിൽ പരാങ് മുഖത്വം പുലർത്തരുത്.രതീഷ് പുറത്തെറിഞ്ഞ ഇമേജുകൾ നമ്മെ വീണ്ടും വീണ്ടും ഉദ്ഗ്രഥിതമാക്കും.സാമൂഹിക ജീവിത വിനിമയത്തിൽ നിന്നുണ്ടാകുന്ന ഭാഷ യാഥാർത്ഥ അനുഭഭവങ്ങളുടെ പുറംതോട് പൊട്ടിച്ചിട്ട് വളർന്നവയാണ്.വിപ്ലവബോധമേഘവിസ്പോടനങ്ങളും ഫാസിസ്റ്റു ദംഷ്ട്രകളും  രതീഷിന്റെ അന്തർവാഹിനികളാണ് .ഓർക്കുക പാറ്റേൺലോക്കിന്റ  പാസ്സ്‌വേർഡ് മറന്നാൽ ഇൻകറക്റ്റും ,റോങ്ങും  ,ഒടുക്കത്തെ നിസ്സഹായതയിൽ ...
നന്ദി നമസ്കാരം



ഗിരീഷ് വള്ളിയാട്(9847632426 )







കാർട്ടൂൺ -ഗിരീഷ്‌ മൂഴിപ്പാടം


           തോൽപ്പിക്കട്ടെ വിപ്ലവനായികയോട് സങ്കട ഐക്യദാർഢ്യം 

കൺട്രോൾ പാനൽ -സീതാദേവി .എം.പി













    
സീതാദേവി .എം.പി 
എച്ച്.എസ്സ്.എ മലയാളം 
ജി .എച്ച് .എസ്സ് മീനടത്തൂർ 

എന്റെ വായന "കൺട്രോൾ പാനൽ"
                        
സർഗാത്മകതയോടൊപ്പം അനിവാര്യമായ യുക്തി ഭദ്രതയും ഒത്തുചേരുന്ന നോവലാണ് സി.രാധാകൃഷ്ണന്റെ  'കൺട്രോൾ പാനൽ'.ഓരോ മനുഷ്യനും ഒരു  കൺട്രോൾ പാനൽ  ജീവിതത്തിൽ തയ്യാറാക്കേണ്ട അവസ്ഥയെക്കുറിച്ച്‌ സൂചിപ്പിക്കാൻ ഈ കൃതിക്ക് കഴിയുന്നു.മലയാളത്തിൽ അസ്‌തിത്വവാദത്തിൽ അധിഷ്ഠിതമായ ആധുനികതയുടെ എഴുത്തുകാരനായ നോവലിസ്റ്റിനു സാഹിത്യത്തിലെ ദാർശനികത തന്റെ കൃതിയിൽ കൊണ്ടുവരാൻ സാധിച്ചു.ഗ്രാമവും നഗരവും മാറി മാറി പ്രത്യക്ഷപ്പെടുന്നുണ്ട് .താനടങ്ങുന്ന 
സമൂഹത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളെ ശാസ്ത്രീയ വീക്ഷണത്തോടെ കാണാനും അതിലൊരു കഥാപാത്രമാകാനും കഴിയുന്നുണ്ട്.

ഇതിലെ കഥാപാത്രങ്ങളായ സുന്ദരേശനും കാലെയും മോണിക്കയും സ്വാമിയുമെല്ലാം സമൂത്തിലെ ഓരോ വിഭാഗത്തെ പ്രതിനിധീകരിക്കുന്നതായി വായനക്കാർക്ക് അനുഭവപ്പെടും.സുന്ദരരാജാ സുന്ദരേശനാകുന്നതും പ്രൊഫസർ കാലേ ജോലി ഉപീക്ഷിക്കുന്നതും മോണിക്കയെ കാണാതാകുന്നതും കഥയിലെ വൈവിധ്യങ്ങളായ സംഭവങ്ങളെ കുറിക്കുന്നു.ഇന്ന് സമൂഹത്തിൽ അജ്ഞാതശവങ്ങൾ ഏറിവരുന്ന ഒരു കലഘട്ടത്തിൽ ആളുകൾ അപ്രത്യക്ഷമാകുന്ന വാർത്ത പാത്രത്തിൽ  വരുന്നത്  സ്വാഭാവികം മാത്രം.എന്നാൽ അതും ഒരു മാർക്കറ്റബിൾ ആയി മാറുന്നതായി നോവലിൽ നാം കാണുന്നത്.ജീവിതത്തിൽ വിവിധ വേഷങ്ങൾ കെട്ടേണ്ടിവരുന്ന സുന്ദരേശൻ നോവലിന്റെ അവസാനമാകുമ്പോഴേക്കും 'യന്ത്ര'ങ്ങളിലും 'വിശ്വസ'ങ്ങളിലും 'രക്ഷ'യില്ലാതെ ജാതക കമ്പനിയുടെ  സെയിൽസ് എക്സിക്യൂട്ടീവ് ആയി പരിണമിക്കുന്നു.


സാഹിത്യത്തിലെ ശാസ്ത്രനിരീക്ഷണാണ്  സി.രാധാകൃഷ്ണണെങ്കിലും അതിൽ സർഗാത്മകതയും ശാസ്ത്രവും 'കൺട്രോൾ പാനലി'ൽ ഒന്നിച്ചു കടന്നു വരുന്നത് നാം കാണുന്നു അതുകൊണ്ട് തന്നെ സ്വാഭാവികമായും ഏതൊരു വായനകാരനെയും തൃപ്‌തിപ്പെടുത്താൻ ഈ നോവലിന് സാധിക്കുന്നു .