Sunday, 12 March 2017

വെള്ളത്തിനെന്താണ് വില ?-വി.ടി ലത്തീഫ് മാസ്റ്റർ










വി.ടി ലത്തീഫ് മാസ്റ്റർ 
എ.എം.എൽപി.എസ്സ്
വളവന്നൂർ നോർത്ത് 


വെള്ളത്തിനെന്താണ് വില ?

വെള്ളത്തിനെന്താണ് വില ?ലിറ്ററിന് 20 രൂപ നിരക്കിൽ കുപ്പിവെള്ളം നമുക്ക് ലഭിക്കും.എന്നാൽ വെള്ളത്തിന്റെ വില എത്രയാണെന്ന് കണക്കാക്കാൻ നമുക്ക് സാധിക്കുമോ !

പണ്ട് ഒരു രാജാവ് നായാട്ടിനിടയിൽ കാട്ടിനകത്ത്‌ ഒറ്റപെട്ടു ഏറെ അലഞ്ഞിട്ടും ആരെയും കണ്ടെത്താൻ സാധിച്ചില്ല .ദാഹിച്ചു വലഞ്ഞ രാജാവ് ഒരു തുള്ളി വെള്ളം കിട്ടാതെ തളർന്നു വീണു.അപ്പൊഴാണ് ആ വഴി ഒരു സ്‌ത്രീ  കുടം നിറയെ വെള്ളവുമായി 
വന്നത് .താൻ ഇവിടുത്തെ രാജാവാണെന്നും കുടിക്കാൻ ഒരല്പം വെള്ളം തരണമെന്നും 
ക്ഷീണിച്ച സ്വരത്തിൽ രാജാവ് ആവശ്യപ്പെട്ടു.അത് കേട്ടതും ആ സ്‌ത്രീ തിരിഞ്ഞു നടക്കാൻ തുടങ്ങി .അല്പം വെള്ളത്തിന് പകരമായി രാജ്യത്തിന്റെ പകുതി നൽകാമെന്നു രാജാവ് പറഞ്ഞു.ആ സ്‌ത്രീ കേട്ട ഭാവം പോലും നടിച്ചില്ല .എന്റെ രാജ്യം മുഴുവനും തരാം ,ഒരല്പം വെള്ളം തരൂ രാജാവ് കെഞ്ചി.ആ വാക്കുകൾ അവൾ പരിഗണിച്ചതേയില്ല .
തന്റെ രാജ്യവും എല്ലാ സമ്പാദ്യവും തന്റെ മക്കളെയും തനിക്കുള്ളതെല്ലാം രാജാവ് വാഗ്‌ദാനം ചെയ്തു.ഒടുവിൽ ആ സ്‌ത്രീ ഒരു കവിൾ വെള്ളം രാജാവിന് നൽകി ,എല്ലാം സ്വന്തമാക്കി.രാജാവിനാകട്ടെ തനിക്ക് നഷ്ടപ്പെടുമായിരുന്ന  ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസമായിരുന്നു.

ഇനി നിങ്ങൾ പറയൂ വെള്ളത്തിന്റെ യഥാർത്ഥ വിലയെന്താണ് ?അത് മനസ്സിലാക്കിയാൽ അറിയാതെപോലും ഒരുതുള്ളി വെള്ളവും നാം പാഴാക്കില്ല.പക്ഷെ ,വെള്ളത്തിന്റെ വില മനസിലാക്കാൻ ,നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സമൃദ്ധിയുടെ അവസാന തുള്ളിയും നിലക്കുവാൻ കാത്തിരിക്കുകയാണ് നാം .

നമ്മുടെ നാട് രൂക്ഷമായ ജലക്ഷാമത്തിലേക്കും കൊടിയ വരൾച്ചയിലേക്കും നീങ്ങികൊണ്ടിരിക്കയാണ്.ഭൂമിയുടെ നിറമാറു  തുരന്നു ആഴങ്ങളിൽ നിന്നും നാം ഊറ്റിയെടുത്തുകൊണ്ടിരിക്കുന്ന കണ്ണീരുറവ പോലും വറ്റിക്കൊണ്ടിരിക്കുന്നു    .വസൂരി 
വന്ന സുന്ദരിയുടെ മുഖം പോലെ കുഴൽകിണറുകളാൽ ഭൂമിയുടെ മുഖവും വികൃതമായിരിക്കുന്നു.

നാം അധിവസിക്കുന്ന ഭൂമിയിൽ മുക്കാൽ പങ്കും ജലം കൊണ്ട് മൂടപ്പെട്ടിരിക്കുന്നു .
അതിൽ 97.5 ശതമാനവും ഉപയോഗ യോഗ്യമല്ലാത്ത ഉപ്പുകലർന്ന 
കടൽ വെള്ളമാണ്.ബാക്കി വരുന്ന 2.5 ശതമാനം ശുദ്ധജലത്തിൽ 
1.5 ശതമാനവും നമ്മൾ മലിനമാക്കി കഴിഞ്ഞു .ശേഷിച്ച ശതമാനം മാത്രമാണ് 
ലോകമെമ്പാടുമുള്ള മനുഷ്യർക്കും ജീവജാലങ്ങൾക്കും  ജീവജലമായുള്ളതു.
അതുകൊണ്ടുതന്നെ നാം പാഴാക്കുന്ന ഓരോ തുള്ളിയും മറ്റ്‌  മനുഷ്യരുടെയോ  ജീവജാലങ്ങടെയോ ജീവവനാശത്തിനു കാരണമാകുമെന്ന് നാം തിരിച്ചറിയുക .
ഇനി ഓരോ തുള്ളി പാഴാക്കുമ്പോഴും ജീവജലം ലഭിക്കാതെ പിടഞ്ഞു മരിച്ച 
പിഞ്ചു പൈതങ്ങളുടെ മെലിഞൊടിഞ്ഞ രൂപം നാം മനസ്സിലോർക്കുക .

നാമൊക്കെ എത്ര അനുഗ്രഹീതർ.ഒരു തുള്ളി വെള്ളം കുടിക്കാനില്ലാതെ പശു മൂത്രമൊഴിക്കുന്നതും നോക്കി ഒരു പാത്രവും പിടിച്ചു പിന്നാലെ നടക്കുന്ന ആഫ്രിക്കൻ ബാലന്റെ ഗതി നമ്മുടെ മക്കൾക്ക് വന്നിട്ടില്ല.യുദ്ധക്കെടുതിയിൽ ഭക്ഷണവും വെള്ളവും 
ലഭിക്കാതെ ദിവസങ്ങളോളം പച്ചിലനീർ പിഴിഞ്ഞ് കുടിച്ചു ജീവൻ നിലനിർത്തിയ  സിറിയൻ അഭയാർത്ഥി ബാലന്റെ ദുരവസ്ഥ നമ്മുടെ മക്കൾക്കുണ്ടായിട്ടില്ല.പക്ഷെ ,
സൂക്ഷിക്കുക .സമീപഭാവിയിൽ നമ്മളിൽ ചിലരെങ്കിലും അതിനു സമാനമായ അവസ്ഥയിൽ എത്തിയേക്കാമെന്ന സൂചനയാണ് ഈ വർഷത്തെ വരൾച്ച നമുക്ക് നൽകുന്ന പാഠം.

അതുകൊണ്ട് മനുഷ്യാ ...അഹങ്കാരം വെടിഞ്ഞു നീ വിനയാന്വിതനാവുക.    ഈ വേനൽക്കാലം ജൂൺ മാസത്തേക്ക്‌ കൂടി ദീർഘിച്ചാൽ തീരാവുന്നതേയുള്ളൂ നിന്റെ
പൊങ്ങച്ചം.നാം ഉപയോഗിക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഭൂമിയിൽ ഒട്ടനേകം 
അവകാശികൾ ഉണ്ടെന്ന ബോധത്തോടെ ചിലവഴിക്കുക        . വെള്ളത്തിന്റെ വില നാം മനസിലാക്കുക.അല്ലാത്ത പക്ഷം "വെള്ളം കിട്ടാതെ ഞരമ്പ് വലിഞ്ഞു മുറുകി 
ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നവരുടെ കൂട്ടത്തിൽ  
നമ്മുടെ നാട്ടിൽ നിന്നും ചിലരുടെ പേരെങ്കിലും എഴുതിചേർക്കേണ്ടിവരും"

"നാമോരോരുത്തരും കരുതി വയ്ക്കുക ,ഈ സമൃദ്ധി  നമുക്കും      ,വരും തലമുറക്കും വേണ്ടി"



വി.ടി ലത്തീഫ് മാസ്റ്റർ 

9 comments:

  1. നല്ല ലേഖനം
    നല്ല ഭാഷ

    ReplyDelete
  2. വായിച്ചവർക്കും പിന്തുണച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി...

    ReplyDelete
  3. കാലിക പ്രസക്തമായ ചിന്തകൾ ... അഭിനന്ദനങ്ങൾ

    ReplyDelete
  4. വാചകങ്ങൾ ചിന്താ തലങ്ങളെ തട്ടിയുണർത്തുന്നു

    ReplyDelete