ഷീബ. എം. ജോൺ
ശിൽപം
കല്ലായിരുന്നവൾ... ഉള്ളാലെ കണിശങ്ങളെണ്ണിപ്പഠിച്ചവൾ, കനവുകൾ കാണാതെ, നില തെറ്റി വീഴാതെ താള മേളങ്ങൾക്കു കാതോർത്തിരിക്കാതെ, കാലങ്ങളൊപ്പിച്ചു ചേലകൾ ചുറ്റാതെ ഒറ്റയായ് നിന്നവൾ... കല്ലായിരുന്നവൾ. ശില്പി, തൻ മെയ്യിലൊരു നൃത്ത ശില്പം കാൺകെ, ചപല മോഹങ്ങൾ തൻ കൂടു മെനഞ്ഞുകൊ- ണ്ടതിനുള്ളിലൊരു കൊച്ചു മോഹത്തെയട വച്ചു ചിറകു വിരിയിക്കാൻ കൂടെയിരുന്നവൾ, വെയിലിലും മഴയിലും മഞ്ഞിൻ തണുപ്പിലും തളരാതെ തനുഗാത്രിയാകാൻ കൊതിച്ചുകൊ- ണ്ടുളി കൊണ്ട നോവിലും സ്വപ്നം വിതച്ചവൾ. മാരിവിൽ തോൽക്കുമാ പുരികക്കൊടികളും താരക ശോഭയായ് മിഴിയിണപ്പൂക്കളും, കാരിരുൾ കൂന്തലും ചൊടിമലർച്ചന്തവും ആരും കൊതിക്കും തൻ മെയ് വടിവും ചെത്തി മിനുക്കിയൊരുക്കുമാ വിരുതുകൾ നോക്കി കുതൂഹലം, ഗൂഢം ചിരിച്ചുകൊ- ണ്ടൊരു ലാസ്യ സുന്ദരീ ഭാവം തികഞ്ഞവൾ. ശിലയായിരുന്നവൾ ആരും കൊതിക്കുമാ ശില്പമായ് തീർന്ന തൻ കരവേലയൊന്നിനാൽ ആത്മഹർഷം പൂണ്ട ശില്പിയും വൈകാതെ പതിയെ നടന്നങ്ങു ദൂരത്തു മറയവേ, പിൻവിളിക്കാകാതെ, പിൻചെല്ലാനാകാതെ നിശ്ചേഷ്ടയായി നിരാകൃതയാകവേ, വിധിഹിതം വേറെയെന്നറിയവേ, ഉൾത്തടം- തീക്കൊള്ളിയേറ്റപ്പോൾ നൊന്തു നീറീടവേ, മണ്ണിൽ കുറിച്ചൊരാ സ്നേഹമന്ത്രാക്ഷരി തിര വന്നു മായ്ച്ചു ചിരിച്ചു മടങ്ങവേ പഴയൊരാ കല്ലായി മാറാൻ കൊതിച്ചവൾ, കല്ലായിരുന്നവൾ... ഉള്ളാലെ കണിശങ്ങളെണ്ണിപ്പഠിച്ചവൾ.

No comments:
Post a Comment