Monday, 29 August 2016

ലേഖനം -കുട്ടികള്‍ നന്നാകാന്‍ രക്ഷിതാക്കള്‍ നന്നാകണം-Dr.അൻസാരി.കെ.എം

കുട്ടികള്‍ നന്നാകാന്‍ രക്ഷിതാക്കള്‍ നന്നാകണം

                                                                Dr.ANSARI - Clinical Psychologist
                            
                                                                                     




രക്ഷിതാക്കളുടെ ഏറ്റവും വലിയ സമ്പത്ത് കുട്ടികളാണ്. പണ്ടും ഇപ്പോഴും. പക്ഷേ, ഇന്ന് നമ്മുടെയൊക്കെ വീടുകളില്‍ കുട്ടികള്‍ കുറവായിവരുന്നു. പണ്ട് സ്ഥിതി നേരെ മറിച്ചാണ്. ഒരു വീട്ടില്‍ ഏഴും എട്ടും കുട്ടികള്‍ ഉണ്ടായിരുന്നു. അതിനാല്‍ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് വലിയ വേവലാതിയില്ലായിരുന്നു. കൂട്ടത്തിലൊരാള്‍ക്ക് കഴിവ് കുറവായാലും വേവലാതിയില്ല. എല്ലാവരും ഒരുമിച്ചങ്ങ് വളര്‍ന്നുകൊള്ളും.എന്നാലിന്ന് സ്ഥിതി ഇങ്ങനെയല്ല. ഒന്നോ രണ്ടോ, അപൂര്‍വ്വമായി മൂന്നോ കുട്ടികള്‍ മാത്രമാണ് ഒരു വീട്ടില്‍. കുഞ്ഞുങ്ങളിന്ന് നമ്മുടെ വീട്ടിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. അവരുടെ താല്‍പര്യങ്ങളെപ്പോഴും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. വീട്ടിലെ സാമ്പത്തിക നിലവാരം ഇതിനൊരു പ്രതിബന്ധമാകുന്നില്ല. കൈ വളരുന്നുണ്ടോ കാല്‍ വളരുന്നുണ്ടോ എന്ന ആശങ്കയാണ് മതാപിതാക്കള്‍ക്ക്. കുഞ്ഞുങ്ങള്‍ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എന്തു ബുദ്ധിമുട്ടും തരണം ചെയ്തു സഫലീകരിച്ചുകൊടുക്കുന്നു. ഇങ്ങനെയിരിക്കെ ഏതെങ്കിലും കാര്യങ്ങള്‍ക്ക് വിമുഖതകാട്ടിയാല്‍, നിഷേധിച്ചാല്‍ കുട്ടികള്‍ പൊട്ടിത്തെറിക്കുകയായി. ഇത് അതിക്രമങ്ങളിലേക്കും മാനസിക വിഭ്രാന്തിയിലേക്കും നയിക്കുന്നു. അപൂര്‍വ്വമായി ആത്മഹത്യയിലേക്കും ചെന്നെത്തിനിന്നേക്കാം.ശരീരത്തിന്‍റെ സമസ്ത വികാരങ്ങളെയും ചെയ്തികളേയും നിയന്ത്രിക്കുന്നത് മനസ്സാണ്. മനസ്സ് നന്നായാല്‍ എല്ലാം നന്നാകും. നല്ല മനസ്സുകളില്‍ നന്മ വിരിയും ചീത്ത മനസ്സുകളില്‍ തിന്മ വിരിയും. നന്മ തിന്മകളുടെ കൂട്ടായ്മയാണ് ജീവിതം. അതിനാല്‍ മനോഗുണ പ്രവൃത്തികളും സാമൂഹ്യദ്രോഹനടപടികളും നിറഞ്ഞതാണ് സമൂഹം. ഈ സമൂഹത്തിലേക്കാണ് ഓരോരുത്തരും തങ്ങളുടെ കുഞ്ഞുങ്ങളെ തുറന്നു വിടുന്നത്. അവര്‍ അവിടെ എങ്ങനെ കഴിയും, എങ്ങനെ പിടിച്ചു നില്‍ക്കും. കാലുകള്‍ ഇടറിയാല്‍ അവരുടെ ജീവിതംതന്നെ പാളും. അതുവഴി രക്ഷിതാക്കളുടെയും. ഈ പാളല്‍ സമൂഹത്തെയും ബാധിക്കും. ഇവിടെയാണ് പേരന്‍റിങ്ങ് ആവശ്യമായി വരുന്നത്-രക്ഷാകര്‍ത്തൃത്വം. കുട്ടികളെ ഒരുക്കി, മെരുക്കി, സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നവരാക്കി മാറ്റുന്ന പരിശീലന പ്രക്രിയയാണ് പേരന്‍റിങ്ങ്. രക്ഷിതാക്കള്‍ യഥാര്‍ത്ഥത്തില്‍ പേരന്‍റിങ്ങിന്‍റെ ഒരു പ്രധാന കണ്ണിയാണ്. അദ്ധ്യാപകര്‍ക്കും സമൂഹത്തിനും ഒക്കെ ഇക്കാര്യത്തില്‍ കണ്ണിചേരാവുന്നതാണ്, ചേരേണ്ടതാണ്. പ്രത്യേകിച്ചും അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തുപിടിച്ചെങ്കില്‍ മാത്രമേ കുട്ടികള്‍ നേരെ ചൊവ്വേ വളരുകയുള്ളൂ. പേരന്‍റിങ്ങ് അര്‍ത്ഥപൂര്‍ണ്ണമാകൂ.
നമ്മള്‍ വിശ്വസിക്കുക, നമ്മുടെ കുട്ടിയില്‍ മിടുക്കുണ്ടന്ന്. കുട്ടി ഒരു ജീനിയസ്സാകാം, മഹാനാകാം, മഹതിയാകാം, ആരുമാകാം, എന്തുമാകാം. അതിനുള്ള കഴിവ് നമ്മുടെ കുട്ടിയിലുണ്ട്. ഇതു വിശ്വസിക്കണം. ഓരോ കുട്ടിയും സൃഷ്ടിയുടെ മഹത്തായ ഒരു മാതൃകയാണ്. അതുല്യമായ, അതിവിശിഷ്ടമായ മാതൃക. നമ്മുടെ കുട്ടിയെ അരുമയോടെ, തഴുകി, തലോടി വളര്‍ത്തൂ. നമ്മുടെ വീട് സ്വര്‍ഗ്ഗമായി മാറും. നമ്മളെ അവന്‍ ആനന്ദിപ്പിക്കും. ലോകത്തെ അവന്‍ ആനന്ദിപ്പിക്കും. അവനെ കൈകാര്യം ചെയ്യാന്‍ നമ്മള്‍ക്കറിയണം. ആ ജോലി നമ്മള്‍ തന്നെ ഏറ്റെടുത്തേ പറ്റൂ. മറ്റാരേയും ഏല്‍പ്പിച്ചാല്‍ പറ്റുകയുമില്ല. മറ്റുള്ളവരുടെ സഹായം തേടാം. പക്ഷേ നേതൃത്വം നമ്മള്‍ തന്നെ ഏറ്റെടുക്കണം. രക്ഷിതാവെന്ന നിലയില്‍ നമുക്കു കൈവന്നിരിക്കുന്ന പവിത്രമായ ഉത്തരവാദിത്വമാണിത്.
കാതലായ പ്രശ്നം, നമ്മുടെ കുഞ്ഞുങ്ങള്‍ നന്നാകണം എന്നുള്ളതാണ്. കുഞ്ഞുങ്ങള്‍ നന്നാകണമെങ്കില്‍ നമ്മള്‍ രക്ഷിതാക്കള്‍ നന്നാകണം.എന്താണ് കാരണം?. ചെറുപ്പത്തില്‍ കുട്ടികള്‍ രക്ഷിതാക്കളുമായാണ് എറ്റവും കൂടുതല്‍ ഇടപഴകുന്നത്. രക്ഷിതാക്കളറിയാതെ അവരുടെ സകല പെരുമാറ്റങ്ങളും പ്രതികരണങ്ങളും കുട്ടികള്‍ ശ്രദ്ധിക്കുന്നു, അതനുകരിക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ രക്ഷകര്‍ത്താക്കളാണ് മാതൃകകള്‍. എതാണ്ട് കൗമാരപ്രായം കഴിയും വരെയെങ്കിലും ഇതു തുടരും.കുട്ടിയുടെ മനസ്സ് ശുദ്ധമാണ്. മുന്‍വിധികളില്ലാത്ത മനസ്സ്. എന്തും സ്വീകരിക്കാന്‍ തയ്യാറായ മനസ്സ്. ശുദ്ധമായ, മൃദുലമായ, നിര്‍മ്മലമായ, പ്രതികരിക്കാന്‍ വെമ്പുന്ന മനസ്സ്. സജീവമായ ഈ മനസ്സ് നമുക്കു ചുറ്റുമുണ്ടന്നും നമ്മളെ സദാ നിരീക്ഷിക്കുന്നുണ്ടന്നും നമ്മള്‍ക്ക് ഓര്‍മ്മ വേണം. കുട്ടികള്‍ക്ക് ഉപദേശം ഇഷ്ടമല്ല. അവര്‍ക്ക് ഇഷ്ടം പ്രവര്‍ത്തികളാണ്. പ്രവര്‍ത്തനങ്ങളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കാനാണ്. അങ്ങനെ കാണാവുന്ന, അനുഭവിക്കാവുന്ന, വിശ്വസിക്കാവുന്ന ഉദാഹരണങ്ങള്‍ കുഞ്ഞുങ്ങളെ സ്വാധീനിക്കും. അതായത്, നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെ വേണം അവരെ പഠിപ്പിക്കാന്‍. ഓരോ നിമിഷവും കുഞ്ഞുങ്ങള്‍ നമ്മുടെ സദ്പ്രവര്‍ത്തിയും സദ്വികാരങ്ങളും ഉത്തമമായ പെരുമാറ്റങ്ങളും കണ്ട്, അനുഭവിച്ച്, അനുകരിച്ച്, അറിഞ്ഞു പഠിക്കണം.
നമ്മുടെ കുഞ്ഞുങ്ങളെ എടുക്കുകയും ഓമനിക്കുകയും ആഹാരം കൊടുക്കുകയും കളിപ്പിക്കുകയും ഒക്കെ വേണം. പക്ഷേ അവകൊണ്ടുമാത്രം കുട്ടിയുടെ ശരിയായ മാനസിക വളര്‍ച്ച ഉറപ്പാകുന്നില്ല.
പിന്നെയോ, നമ്മുടെ ജീവിതത്തിലൂടെ, നമ്മള്‍ രക്ഷിതാക്കള്‍, കുട്ടികള്‍ക്ക് മാതൃകയാകണം. നമ്മുടെ സത്യസന്ധത, നമ്മുടെ ആത്മാര്‍ത്ഥത, നമ്മുടെ സ്നേഹം, ധീരത, സഹാനുഭൂതി, ആദര്‍ശനിഷ്ഠ, ശാന്തമായ പെരുമാറ്റം, മനോനിയന്ത്രണം, ആത്മവിശ്വാസം, ഉത്സാഹം, ശുഭാപ്തിവിശ്വാസം, സഹകരണം ഇവയൊക്കെ കുഞ്ഞുങ്ങള്‍ മനസ്സിലാക്കും. അനുകരിക്കും. പഠിക്കും. അങ്ങനെ സ്വായത്തമാക്കും.
മറിച്ച്, നമ്മുടെ പെരുമാറ്റം മോശമാണങ്കിലോ, കുട്ടിയും അങ്ങനെ തന്നെയാവും. അതിനാല്‍ പ്രിയപ്പെട്ട രക്ഷിതാക്കളേ, സ്വന്തം കുട്ടിയുടെ ഭാവിയെ കരുതിയെങ്കിലും സ്വയം നന്നാകാന്‍ തയ്യാറെടുക്കണം. ചിരിക്കുക. ചിരിപ്പിക്കുക. സ്നേഹത്തോടെ, സന്തോഷത്തോടെ പെരുമാറുക. എല്ലാവരോടും മാന്യമായി പെരുമാറുക. വാശിയും വൈരാഗ്യവും വെറുപ്പും മാറ്റി പകരം സ്നേഹവും കരുണയും കരുതലും നിറയ്ക്കുക. മനുഷ്യരാവുക. മനുഷ്യത്വം വളര്‍ത്തുക. വീട്ടിലേയും നാട്ടിലേയും വിളക്കാകുക. വെളിച്ചം പരത്തുക. ആ വെളിച്ചത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരട്ടെ. മനുഷ്യത്വമുള്ള, മഹത്വമുള്ള, സ്നേഹിക്കാനറിയാവുന്ന, ചിരിക്കാനറിയാവുന്ന, മിടുമിടുക്കരായ തങ്കക്കുടങ്ങളായി നമ്മുടെ കുഞ്ഞുങ്ങള്‍ അപ്പോള്‍ വളരും.അങ്ങനെ, നമ്മുടെ കുട്ടികള്‍ നല്ലവരായി വളരാന്‍ നമുക്കു നല്ലവരാകാം. ഇതാകണം എല്ലാ മാതാപിതാക്കളുടേയും ലക്ഷ്യം. പതിജ്ഞയും,  പ്രാര്‍ത്ഥനയും.

No comments:

Post a Comment