Tuesday, 30 August 2016

ഉപ്പ് -ഷീബ. എം. ജോൺ










         ഉപ്പ് 



ഴമിഴിയിലുയിരാർന്ന നീർക്കുമിളയാകാം 
വെയിൽ കാഞ്ഞുറഞ്ഞോരു പരൽ മുത്തുമാകാം
അമ്മ തൻ കൈയിൽ രുചിക്കൂട്ട് തേടാം 
അച്ഛന്റെ ചെന്നിമേൽ ചാലുകൾ കീറാം.

കുട്ടിയും കോലും കളിച്ചാർക്കും ബാല്യത്തി- 
ലളകത്തിലഴകൊടെ മിന്നിത്തുടിക്കാം, 
കൗമാര കൗതുകം കരളേറ്റി നിൽക്കേ
ചെറുമാങ്ങച്ചുനചേർത്ത് സ്നേഹം പകുക്കാം. 

മോഹം കിതപ്പാറ്റി മാറിലേക്കമരവേ
സ്നേഹമായ് ചുണ്ടോടുചേർത്തു രുചിക്കാം,
പഴമകൾ മാറാല കെട്ടുമൊരോർമ്മയിൽ
ഓണമൊരുക്കുന്ന പൂക്കളമാകാം.

ഉണരാത്ത നിദ്രയായ് കരൾ പാതി പോകേ 
തടയണകൾ തടയാതെയൊഴുകിപ്പരക്കാം,
അവസാന യാത്രയും ചൊല്ലിക്കഴിയവേ 
മൺകൂന ചുറ്റിലും ചന്തത്തിൽ തൂവാം